Posts

Showing posts from 2024

അയ്യപ്പ അഷ്ടകം

1 ശതകോടി വിഭാകര കാന്തിമതേ  ശബരീഗിരി വാഴുമകം പൊരുളേ  ശരണപ്രിയ, ദേവ,  ദയാനിധിയേ  ശനിദോഷമകറ്റി വരം തരണേ  2 തരുശാഖ നിറഞ്ഞ കൊടുംവനവും  കരിനാഗമിഴഞ്ഞുലയും മനവും  ഒരുപോലെ നയിച്ചു നിറഞ്ഞരുളും  നിറവേ നിധിയേ നിലയേകിടണേ  3 കലികാല കരാള കരങ്ങളെഴും  ഇഹലോക മഹാദുരിതങ്ങളിലും  അഹമെന്നുമൊഴിഞ്ഞമൃതം നിറയാൻ  പരമേശ,കൃപാകര, നീ ശരണം  4 ശബരീശ, മഹേശ, മഹാമഹസേ  തിരുജ്യോതി ജ്വലിച്ചുണരും നഭസേ  ശരണം തിരുനാമ പദാവലികൾ തവസന്നിധി തേടുമുപാസനകൾ  5 കൊടുകാനനമാണഖിലം നിറയേ  നരി, നാഗ, വരാഹ, മൃഗങ്ങളുമേ ഗിരിതന്നിലിരുന്നരുളും കനിവേ  തവ സന്നിധിയാണടിയന്നഭയം  6 പുഴു,പക്ഷി , പരാദ, ചരങ്ങളിലും  ഗജവീര, മൃഗേന്ദ്ര, മൃഗങ്ങളിലും  കുടികൊണ്ടരുളുന്ന മഹാശയനേ  കുറതീർത്തു തരും ജഗദീശ്വരനേ 7.മദമോഹമതാദികളാലുഴലും മനതാരിലെ വൻപുലിയേറിയിനി  മഹിഷീവധമാടുക ചിന്മയനേ  മണിമണ്ഡപ ജീവസമാധിതനേ  8 പരനേ പരമാത്മ പരാത്പരനേ   പതിനെട്ടു പടിക്കുര ചെയ്തവനേ  അതു കേറിവരുന്ന നരർക്കരുളായ്, "അതു നീ " പൊരുളായി  നിറഞ്ഞവനേ  അനീഷ് തകടി...

ടാഗോറിന്റെ ദൈവം (എന്റെയും )

Image
ടാഗോറിന്റെ ദൈവസങ്കൽപ്പം എനിക്കിഷ്ടമാണ്. ഗീതാഞ്ജലി എന്ന കാവ്യം മനസ്സിന്റെ ഉപരിതലത്തെയല്ല, ആന്തരികതലത്തെ ഉന്മത്തമാക്കുന്ന വൈകാരികസ്പര്‍ശമാണ്. ഉള്ളിലേക്കുള്ള ഒരു തിരിനാളം.  ടാഗോർ പറയുന്ന  ദൈവത്തെ കേവലം ഒരു മിത്ത് ആയി കാണുന്നതിനുപകരം ഒരു സത്തായി കാണാനാണ് വ്യക്തിപരമായി എനിക്കിഷ്ടം. ആ ദൈവം ചിലപ്പോൾ പ്രപഞ്ചമാകാം, പ്രകൃതിയാകാം, ചരാചരങ്ങളാകാം, ഒരുവേള ഞാൻ തന്നെയാകാം. എന്റെ ഉന്മാദവും ഉന്മേഷവും ഉണർവും ഉയിരുമാകാം. ഡിപ്രഷനിൽ നിന്നും സ്‌ട്രെസ്സിൽ നിന്നും എന്നെ കരകയറ്റുന്ന ഒരു മൂളിപ്പാട്ടുപോലുമാകാം . ഒരു മിന്നാമിനുങ്ങിന്റെ തിരിവെട്ടം.  ഉള്ളിന്റെയുള്ളില്‍ ഒരു കാലം നിവരുന്നതു ഗീതാഞ്‌ജലിയിൽ കാണാം. ആ മനോനിലയിലൂടെയുള്ള കാണാതരംഗങ്ങളുടെ സംവേദനം. അത് മതാതീതമാണ്. മതത്തിനല്ല മനത്തിനാണ് അവിടെ പ്രാധാന്യം. ധ്യാനരൂപത്തിലുള്ള സംവാദം അവിടെ നടക്കുന്നു.  പ്രപഞ്ചമാകെ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന പ്രകാശസാമീപ്യമാണ് ടാഗോറിന്റെ (എന്റെയും) ദൈവം.  ടാഗോറിന് ദൈവം ഗാനവും സ്‌നേഹവും സ്‌നേഹിതനും ഒപ്പം മരണം പോലുമാണ്. സൗഹൃദത്തോടെയും മറ്റു ചിലപ്പോള്‍ വിധേയത്വത്തോടെയുമുള്ള ഒരു മനോഹരചിന്ത. അത് മിത്തല്ല...