അയ്യപ്പ അഷ്ടകം
1 ശതകോടി വിഭാകര കാന്തിമതേ
ശബരീഗിരി വാഴുമകം പൊരുളേ
ശരണപ്രിയ, ദേവ, ദയാനിധിയേ
ശനിദോഷമകറ്റി വരം തരണേ
2 തരുശാഖ നിറഞ്ഞ കൊടുംവനവും
കരിനാഗമിഴഞ്ഞുലയും മനവും
ഒരുപോലെ നയിച്ചു നിറഞ്ഞരുളും
നിറവേ നിധിയേ നിലയേകിടണേ
3 കലികാല കരാള കരങ്ങളെഴും
ഇഹലോക മഹാദുരിതങ്ങളിലും
അഹമെന്നുമൊഴിഞ്ഞമൃതം നിറയാൻ
പരമേശ,കൃപാകര, നീ ശരണം
4 ശബരീശ, മഹേശ, മഹാമഹസേ
തിരുജ്യോതി ജ്വലിച്ചുണരും നഭസേ
ശരണം തിരുനാമ പദാവലികൾ
തവസന്നിധി തേടുമുപാസനകൾ
5 കൊടുകാനനമാണഖിലം നിറയേ
നരി, നാഗ, വരാഹ, മൃഗങ്ങളുമേ
ഗിരിതന്നിലിരുന്നരുളും കനിവേ
തവ സന്നിധിയാണടിയന്നഭയം
6 പുഴു,പക്ഷി , പരാദ, ചരങ്ങളിലും
ഗജവീര, മൃഗേന്ദ്ര, മൃഗങ്ങളിലും
കുടികൊണ്ടരുളുന്ന മഹാശയനേ
കുറതീർത്തു തരും ജഗദീശ്വരനേ
7.മദമോഹമതാദികളാലുഴലും
മനതാരിലെ വൻപുലിയേറിയിനി
മഹിഷീവധമാടുക ചിന്മയനേ
മണിമണ്ഡപ ജീവസമാധിതനേ
8 പരനേ പരമാത്മ പരാത്പരനേ
പതിനെട്ടു പടിക്കുര ചെയ്തവനേ
അതു കേറിവരുന്ന നരർക്കരുളായ്,
"അതു നീ " പൊരുളായി
നിറഞ്ഞവനേ
അനീഷ് തകടിയിൽ
Comments
Post a Comment