Posts

അഭിശപ്ത

നീ അഭിശപ്ത വെറും വാരിയെല്ല്  ഞങ്ങൾ ദർശനങ്ങളെഴുതിയ പ്രവാചകർ, മഹാമനീഷികൾ ഞങ്ങളുടെ ആചാര്യർ വേദജ്ഞരത്രേ നിൻ നിഴലേറ്റാൽ സ്ഖലിക്കുന്നവർ നീയോ! തീണ്ടാരിയാവുന്ന അശുദ്ധ വർഗ്ഗം. തീണ്ടാപ്പാടകലെ മാറി നിന്നോണം ഞങ്ങൾ പുരുഷായുസുള്ളവർ , പ്രപഞ്ചത്തിന്റെ നെടുംതൂണ് നീയോ! പെറ്റുകൂട്ടുന്ന അധമവർഗ്ഗം ആദിപാപത്തിൽ വഴിപിഴച്ച്ചവൾ വെറും കല്ലുവിഗ്രഹം ഞങ്ങൾ പൂജിക്കുമ്പോൾ മിണ്ടാതിരുന്നോണം കാളിയും ചാമുണ്ഡിയും മുച്ചിലോട്ടമ്മയുമായി ഞങ്ങൾ, ആണുങ്ങൾ നിന്നെ കെട്ടിയാടും പ്രതിപുരുഷരായി വരം ചൊരിയും വെളിച്ചപ്പെട്ടലറും നീ ദൂരെമാറി കണ്ണടച്ചു നിന്നോണം നന്നായി തൊഴുതോണം പിതാവും പുത്രനും ഞങ്ങൾക്കുള്ളത് ത്രിത്വത്തിന്റെ കാവലാളത്രേ ഞങ്ങൾ സുവിശേഷങ്ങൾ ഞങ്ങളെഴുതുമ്പോൾ ദൈവപുത്രമണവാട്ടിയായി ഒരുങ്ങി നിന്നോണം ഞങ്ങൾ തീർഥങ്കരന്മാരും ബോധിസത്വന്മാരും തലപ്പാവുചുറ്റിയ ഗുരുപരമ്പരകളുമാണ് ഞങ്ങളുടെ വേദഗ്രന്ഥത്തിന്റെ മൂല നിനക്കായൊഴിച്ചിടും അതിന്റെ എച്ചിൽ തുണ്ടുകളുണ്ട് നീ തൃപ്തിയടഞ്ഞോണം ഞങ്ങൾ ശരീ അത്തിന്റെ സംരക്ഷകർ നിനക്കായി നിയമം പണിയുന്നവർ പ്രവാചകപരമ്പരയിൽ ഗർവ്വുള്ളവർ നീ മുഖം മറച്ചു മൂലയ്ക്കിരുന്നോണം ഗര്ഭിണിയായ ന...

ബുദ്ധൻ

Image
ബുദ്ധൻ ********* വഴിവക്കിലെ വാണിഭക്കാരന്റെ ബുദ്ധക്കോലം ചൊല്ലിയത് ബുദ്ധൻ എന്ന നാമത്തിന്റെ നാനാർത്ഥങ്ങൾ  ബുദ്ധൻ- ആദ്യന്തമില്ലാത്ത പുഴ തഥാഗതനു തണലേകിയ മരം ഉള്ളിൽ വിരിഞ്ഞ മണിപദ്മത്തിന്റെ ബോധം ഒളിയമ്പേറ്റ ധ്യാനത്തിന്റെ ഗീത ബുദ്ധൻ- പ്രാണനേകിയ അമ്മയുടെ ചൂട് കുരിശേറിയ കനിവിന്റെ നോവ്‌ തലയറുത്ത ബലിമൃഗത്തിന്റെ ചോര ഭക്ഷണമായ ബോധിസത്വന്റെ മാംസം ബുദ്ധൻ- മരുഭൂമിയിലെ നീരുറവ നിറവയറിന്റെ നൊമ്പരം പുനർജനിച്ച മണ്ണിന്റെ വിശുദ്ധി ബലിക്കാക്കയുണ്ട ഒരുരുളച്ചോറ്‌ ബുദ്ധൻ- തോക്കിനെ തോൽപ്പിച്ച മോണകാട്ടിയ ചിരി കണ്ണീരൊപ്പിയ തിരുവസ്ത്രം പുസ്തകമെടുത്ത മൈലഞ്ചിക്കൈകൾ നിരാഹാരം വരിച്ച ദഹനേന്ദ്രിയങ്ങൾ ബുദ്ധൻ- ഭിക്ഷാപാത്രത്തിൽ വീണ ഒറ്റരൂപാനാണയം കപട സദാചാരത്തിനെതിരെ ചൂണ്ടിയ വിരൽ ചവിട്ടേറ്റു വീണവൻ ഉയർത്തിക്കെട്ടിയ കൊടി പടക്കളങ്ങൾ താണ്ടിവന്ന കുതിരയുടെ വേഗം ബുദ്ധൻ- തുള്ളിമണലിലുറങ്ങുന്ന മണലാരണ്യം നീർക്കുമിളയിലെ പ്രപഞ്ചം അഹം അഴിച്ചു വച്ച ബോധം ഇന്നിലെക്കു തുറന്നു വച്ച കണ്ണുകൾ

വെളിപാട്

Image
ഊഴം   --------- അരങ്ങൊഴിഞ്ഞ നർത്തകന്റെ അനാഥത്വം പേറിയ ചിലമ്പും അരമണിയും അവനെത്തിരഞ്ഞു ഉപാസകനെ, അവന്റെ വരവിനായ് . ആളൊഴിഞ്ഞ കാവിലെ ഏകാന്തതയിൽ നിയോഗത്തിനായ് കാതോർത്ത് മണ്മറഞ്ഞവന്റെ ധ്യാനവും ബോധവും പേറി അവൻ ഇരുന്നു. ഉള്ളിലെരിയുന്ന വേദനകളിൽ നിന്നും ബോധപൂർവം അകന്നു. വീട്ടിലെ എരിയാൻ മറന്ന അടുപ്പിന്റെ ദൈന്യതയെ മറന്നു അരവയറിന്റെ വിലാപം മറന്നു മറവിയെയും മറന്ന നാളിൽ അവൻ ശൂന്യനായി പൂജ്യനായി പൂജനീയനുമായി ഏതോ വിശുദ്ധയാമത്തിൽ അവന്റെ ഊഴം വന്നു പുതിയ നിയോഗത്തിന്റെ പുണ്യം ചിലമ്പും പള്ളിവാളും അണിഞ്ഞപ്പോൾ അവൻ അറിഞ്ഞു ആഭരണമല്ല ആചരണത്തിന്റെ നേര് ഉടൽ ---------- അവന്റെ ഉടൽ തിരഞ്ഞത് ആദി താളം താളത്തിലെ 'ത' താണ്ഡവമാടി 'ള' ലാസ്യമാടി അവനിൽ സൃഷ്ടിയുണ്ടായി വേദനയുണ്ടായി ഉന്മാദമുണ്ടായി പ്രണയമുണ്ടായി കാമമുണ്ടായി വിരഹമുണ്ടായി അവൻ അറിഞ്ഞു പുരുഷന്‍ പ്രകൃതിയോടരുളിയ താളം രുദ്രതാളം ഗംഗാതാളം ഒഴുക്കിന്റെ താളം വന്യതയുടെ താളം ജീവതാളം മരണതാളം അവന്റെ താളം തുടര്ന്നു കൊണ്ടേയിരുന്നു... ഉടൽ മനമൊത്താടിയപ്പോൾ അവൻ അവളുടെ വന്യതാളമറിഞ്ഞു അവന്റെയും അവളുടെയും താളമൊന്നായി താളവാദ്യലയങ്ങള്‍ ഒന്നായി ...

സൂര്യകാലടി മന

Image
 സൂര്യകാലടി മന    മനുഷ്യന്‍ .  ആദിയില്‍ യാത്ര തുടങ്ങിയവൻ.  അറിവ് തേടിയുള്ള യാത്ര.  അനാദിയും അനന്തവുമായ യാത്ര.  ഈ യാത്രയില്‍ നേടുന്നതെല്ലാം പുണ്യം തന്നെ.  കടപ്പാട് ഈ പ്രകൃതിയോടു.  പിന്നെ പലപേരുകളില്‍ വിളിക്കപ്പെടുന്ന ആ മഹാശക്തിയോടും . വിശ്വാസ ങ്ങൾ പലതായിരിക്കാം.  അവിശ്വാസവും.  ഇവിടെ യാത്രക്കാരൻ വെറും കാഴ്ച്ചക്കാരൻ .  ഒന്നിനെയും  നിഷേധിക്കാതെ, ഇടപെടാതെ ചുറ്റുംകാണുന്ന ഇന്നിന്റെ കാ ഴ്ച്ചകളുടെ ദൃക് സാക്ഷി  ഈ യാത്ര മരണാനന്തരം തേടി.    യാത്ര അവസാനിച്ചത്‌ സൂര്യകാലടി മനയില്‍.  ഐതീഹ്യമാലയില്‍ പറയുന്ന അതേ  മന തന്നെ.  കോട്ടയത്താണിത്.  എന്റെ കൂടെ സുഹൃത്തുകളായ ആലീസും അജിത്തും.  ഉള്ളില്‍  സംശയങ്ങളും ചോദ്യങ്ങളുമായി ഞങ്ങള്‍ അതിരാവിലെ മനയില്‍ എത്തി.  ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു.  വിശാലമായ പറമ്പ്.  അല്‍പ്പം ഉയര്‍ന്ന സ്ഥലത്താണ് മന.  ചുറ്റിയൊഴുകുന്നത് മീനച്ച്ചലാറ് .  പ്രശാന്തമായ സ്ഥലം. ഈ യാത്രക്ക് ഒരുങ്ങും മുന്പ്   നടത്തിയ ഗവേഷണത്തിൽ...

തിരുവില്വാമലയിലെ വിശേഷങ്ങള്‍

Image
വില്വദ്രിനാഥന്‍ ക്ഷേത്രം  ഋഷി മധു ഛന്ദസ്സ്  ഭാരതപ്പുഴ  വില്വമാലയിലെ കരിഞ്ഞുണങ്ങിയ കാട്  പുനര്‍ജ്ജനി നൂഴല്‍ പുനര്‍ജ്ജനി ഗുഹ  അനാദിയില്‍ നിന്നും അനന്തതയിലേക്കുള്ള യാത്ര.  അതാണ്‌  ജീവിതം.  മോക്ഷ മാര്‍ഗത്തിലേക്കുള്ള വഴി.  ഇന്നലെ കണ്ടതും ഇന്ന് കാണുന്നതും ഇനി വന്നു ചെരുന്നതുമെല്ലാം എന്റെതല്ലെന്നും  എന്നാല്‍ എല്ലാം എന്നിലുള്ളതാണെന്നും  ഉള്ള അപാരമായ തിരിച്ചറിവ്.    മോക്ഷത്തിന്റെ ഹിമാലയം കയറുമ്പോഴും അറിവിന്റെ കടലാഴത്തിലേക്ക്      ഊളിയിടുംപോഴും     മനുഷ്യന്‍ തേടിയ ചിന്ത.  നിര്‍വാണ മാര്ഗ്ഗത്തിലെക്കുള്ള ബോധയാത്ര.  വിശ്വം മുഴുവന്‍ പടര്‍ന്നു പന്തലിക്കുംപോഴും തഥാഗതന്‍മാര്‍ക്ക് തണലെകുംപോഴും  ഉള്‍ക്കാമ്പുകളിലേക്ക്        വെരൂന്നുമ്പൊ ഴും     ഉള്ളില്‍  നിറയുന്നത് ധ്യാനം.  പിന്നെ അപാരമായ നിസ്സംഗതയും. കുറച്ചു നാള്‍ മുന്പ് രണ്ടു ദിവസം തിരുവില്വാമലയില്‍ തങ്ങേണ്ടി വന്നു.  വരണ്ടുണങ്ങി കിടക്കുമ്പോഴും ഉള്ളില്‍ മോക്ഷത്തിന്റെ പ്രണവന...

ബോധോദയത്തിലേക്കുള്ള യാത്ര

Image
ബോധമായിരുന്നു ഞാന്‍ ഒരു സംസ്കൃതിയുടെ ബോധം ഏറെ നാള്‍ ഞാന്‍ മണ്ണിനടിയില്‍ കിടന്നു. ഉണര്‍വിനും ഉയിരിനുമായി. ചിലര്‍ എന്നെ തേടി വന്നു; ഞാന്‍ ചിരിച്ചു അവര്‍ പറഞ്ഞു "എനിക്ക് ബോധമില്ലെന്നു'. അപ്പോഴും എനിക്ക് ബോധ്യമുണ്ടായിരുന്നു ഒരു നാള്‍ അവര്‍ക്ക് ബോധമുണ്ടാകുമെന്ന ബോധ്യം മറ്റുചിലര്‍ക്ക് അവരും ഞാനുംഒന്ന് തന്നെയാണത്രേ! അവര്‍ പറഞ്ഞു 'അഹം ബ്രഹ്മാസ്മി' ഇനിയൊരു കൂട്ടര്‍ക്ക് ഞാന്‍ കിട്ടാക്കനി അവര്‍ എന്നെയും പേറി എന്നെ അന്വേഷിച്ചു നടന്നു. പിന്നെ വേറെ ചിലര്‍ , അവര്‍ ഒറ്റമുണ്ടുടുത്ത് ഒറ്റയ്ക്ക് നടന്നു. അവരെന്നെ കണ്ടെത്തി. അവര്‍ എനിക്ക് വെള്ളം തന്നു ജീവവായു തന്നു; എന്നെ താലോലിച്ചു ഞാന്‍ അവര്‍ക്കായി വളര്‍ന്നു. തണലേകാന്‍ പടര്‍ന്നു പന്തലിച്ചു അവര്‍ എന്‍റെ ചുവട്ടിലിരുന്നപ്പോള്‍ അവര്‍ക്കും എനിക്കും ബോധോദയമുണ്ടായി ഞാന്‍ ബോധിവൃക്ഷവും അവര്‍ ബോധിസത്വന്മാരും ആയി അവര്‍ക്ക് ചിറകു മുളച്ചു. എന്‍റെ ചില്ലകളില്‍ അവര്‍ കൂടുകൂട്ടി.

തര്‍പ്പണം

Image
ഭൂതകാലത്തിന് ബലിയിടല്‍ മനസിന്‍റെ നെരിപ്പോടില്‍ നീറുന്ന ഓര്‍മ്മകളെ നിമഞ്ജനം ചെയ്യല്‍ ഗതിയില്ലാതലയുന്ന പിതൃക്കള്‍ക്ക് മോക്ഷമേകല്‍ പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ചവര്‍ക്ക് ഇന്നിന്‍റെ ഉപകാരസ്മരണ ഇന്നലെയുടെ വേദനകളെ എള്ളും മലരും പഴവും അന്നവും ചേര്‍ത്ത് ഇന്നിന്‍റെ ചരാചരങ്ങള്‍ക്ക് സമര്‍പ്പണം ഒടുവില്‍ നമ്മേയും കാത്ത് ഒരു കറുത്തവാവ് ഒരു പിണ്ഡം ഒരു തര്‍പ്പണത്തറ പിന്നെ കുറെ ബാലിക്കാക്കളും.......