Posts

Showing posts from October, 2014

വെളിപാട്

Image
ഊഴം   --------- അരങ്ങൊഴിഞ്ഞ നർത്തകന്റെ അനാഥത്വം പേറിയ ചിലമ്പും അരമണിയും അവനെത്തിരഞ്ഞു ഉപാസകനെ, അവന്റെ വരവിനായ് . ആളൊഴിഞ്ഞ കാവിലെ ഏകാന്തതയിൽ നിയോഗത്തിനായ് കാതോർത്ത് മണ്മറഞ്ഞവന്റെ ധ്യാനവും ബോധവും പേറി അവൻ ഇരുന്നു. ഉള്ളിലെരിയുന്ന വേദനകളിൽ നിന്നും ബോധപൂർവം അകന്നു. വീട്ടിലെ എരിയാൻ മറന്ന അടുപ്പിന്റെ ദൈന്യതയെ മറന്നു അരവയറിന്റെ വിലാപം മറന്നു മറവിയെയും മറന്ന നാളിൽ അവൻ ശൂന്യനായി പൂജ്യനായി പൂജനീയനുമായി ഏതോ വിശുദ്ധയാമത്തിൽ അവന്റെ ഊഴം വന്നു പുതിയ നിയോഗത്തിന്റെ പുണ്യം ചിലമ്പും പള്ളിവാളും അണിഞ്ഞപ്പോൾ അവൻ അറിഞ്ഞു ആഭരണമല്ല ആചരണത്തിന്റെ നേര് ഉടൽ ---------- അവന്റെ ഉടൽ തിരഞ്ഞത് ആദി താളം താളത്തിലെ 'ത' താണ്ഡവമാടി 'ള' ലാസ്യമാടി അവനിൽ സൃഷ്ടിയുണ്ടായി വേദനയുണ്ടായി ഉന്മാദമുണ്ടായി പ്രണയമുണ്ടായി കാമമുണ്ടായി വിരഹമുണ്ടായി അവൻ അറിഞ്ഞു പുരുഷന്‍ പ്രകൃതിയോടരുളിയ താളം രുദ്രതാളം ഗംഗാതാളം ഒഴുക്കിന്റെ താളം വന്യതയുടെ താളം ജീവതാളം മരണതാളം അവന്റെ താളം തുടര്ന്നു കൊണ്ടേയിരുന്നു... ഉടൽ മനമൊത്താടിയപ്പോൾ അവൻ അവളുടെ വന്യതാളമറിഞ്ഞു അവന്റെയും അവളുടെയും താളമൊന്നായി താളവാദ്യലയങ്ങള്‍ ഒന്നായി