Posts

Showing posts from 2016

തിളക്കം

തിളക്കം തെരുവിലാണ് ദേവസങ്കേതങ്ങളുടെ തെരുവുകളിൽ ഊർന്നു വീഴുന്ന ചില്ലറത്തുട്ടുകളിൽ കണ്ണും നട്ട്..... മുത്തായും പവിഴമായും രുദ്രാക്ഷമായും അവർ തിളങ്ങുന്നു കടുംചായക്കൂട്ടുകളിൽ അലിഞ്ഞലിഞ്ഞ്  ചിലനേർക്കാഴ്ച്ചകൾ. തെരുവു നായകൾക്കിടയിൽ... പൊട്ടിയൊലിച്ച വൃണങ്ങൾക്കിടയിൽ വിശ്വാസവിസർജ്ജനങ്ങൾക്കിടയിൽ അവർ വരയ്ക്കുകയാണ്, ഒളിമങ്ങിയ ജീവിതങ്ങൾ ഭാഗ്യം തേടിയലയുന്ന മുന്നൊഴുക്കിൽ ഇതു വേറിട്ടിടം ഒട്ടിയ വയറിൽ തെറുത്ത ചേലകളിൽ അവർ ദേവതമാർ തെരുവിലെ ഈ മുത്തും ചിപ്പിയും നമുക്കപരിചിതർ. ഓട്ടക്കാലണകളുടെ നീതിശാസ്ത്രം നമുക്കന്യം വലിയ ഗോപുരത്തിനുള്ളിലെ കതകിനുള്ളിൽ ആരുടെയോ ദൈവം വർഷങ്ങളായി മൌനത്തിലാണ് . പുറത്തെ ബഹളങ്ങളിൽ അലിഞ്ഞലിഞ്ഞ് ഞാനെന്ന സാക്ഷിയും .

ചിഹ്നങ്ങൾ

ചിഹ്നങ്ങൾ ************** അശാന്തിയുടെ താഴ് വരയിലിരുന്ന് ഒരു ചോദ്യചിഹ്നം പാടി  "ഹേ അധികാരീ, നിങ്ങളെത്ര മഠയൻ അപരന്റെ തലയറുത്തു ചിരിക്കുന്ന അധമവർഗ്ഗം" താഴ്‌വര അതേറ്റു പാടി ആ പാട്ടുകൾ ആശയങ്ങളുടെ അർത്ഥവിരാമമായി ആത്മബോധം തിരഞ്ഞ ദേഹികൾ നൃത്തം വെച്ചു മണൽക്കാടുകളിൽ കൊടുങ്കാറ്റു പിറന്നു ഉയർന്ന പ്രകമ്പനങ്ങളിൽ സംഹിതകൾ തകർന്നു പൊളിഞ്ഞ സിംഹാസനം ആശ്ചര്യ ചിഹ്നമായി അശാന്തിയുടെ കാവൽക്കാർ ഉണർന്നു തങ്ങളുടെ ചിഹ്നങ്ങളെ രാകിക്കൂർപ്പിച്ചു കിട്ടിയ കുത്തും കോമയും കയ്യിലെടുത്തു പാഞ്ഞു. ചോദ്യചിഹ്നത്തിന്റെ തലയറുത്തു അതിനെ ചുട്ടുകരിച്ചവർ ചിരിച്ചു, ഇന്നിന്റെ ചിരി..... കരിഞ്ഞു പൊടിഞ്ഞ ചാരത്തിൽ അവശേഷിച്ചത് വേദനയുടെ പൂർണ്ണവിരാമം അപ്പോഴും അവൻ ഉയരങ്ങളെ കാത്തു വളരാൻ കൊതിച്ചു, ആത്മബോധ നിർവ്വാണ- പാതകളിലേക്കു വേരുപടർത്തി പൂർണ്ണവിരാമം വിത്തും കാര്യവും തിരഞ്ഞു കാരണങ്ങളിലേക്ക് കുതിച്ചു വളർന്നു മഹാകാലങ്ങളിൽ അടിവേരുറപ്പിച്ച് പ്രജ്ഞബോധമണ്ഡലങ്ങളിലേക്കുയർന്നു നീണ്ടു നിവർന്നു പതിയെ വളഞ്ഞു അശാന്തിയുടെ താഴ്‌വര സാക്ഷിയായി മറ്റൊരു ചോദ്യചിഹ്നത്തിന്റെ പിറവിക്ക് ....

വിഴുപ്പ്

വിഴുപ്പ്  *********** നമുക്കു മറക്കാം...... മാൻഹോളിൽ പൊലിഞ്ഞ ജീവനെ  പ്രളയത്തിൽ മുങ്ങുന്ന അപരനെ  എഴുത്തുമുറിഞ്ഞ പ്രതിഭയെ തലയറുത്ത ചിന്തകളെ വികലമാക്കിയ നേരിനെ കടിച്ചു കീറിയ നന്മയെ വിഷം തുപ്പുന്ന നാവിനെ തലപ്പാവു ചുറ്റിയ വികടതയെ സമത്വത്തിന്റെ തുലാസുകളെ വ്യഭിചാരത്തിന്റെ വലക്കണ്ണികളെ നമുക്കു സംവദിക്കാം........ അരമനയിലുണങ്ങുന്ന അടിപ്പാവാടയെ കറകളുടെ ജനിതകത്തിനെ തിന്നുതീർത്ത കോടികളെ അടൽസ് ഒണ്‍ലി ബ്രേക്കിങ്ങുകളെ ഇനി നമുക്ക് കവല പ്രസംഗങ്ങൾക്കായി കാതോർക്കാം തുറന്നെഴുത്തിന്റെ വാളിൽ വിഴുപ്പലക്കാം പരസ്പരം പുരസ്കരിച്ചു പുളകം കൊള്ളാം അന്യോന്യം വാഴ്ത്തിസ്തുതിക്കാം......

കണ്ണാടി

കണ്ണാടി ************ ഒരു കറുത്ത താഴ്‌വരയിൽ അവൻ പിറന്നു  ഉണർവ്വും ഉയിരുമേകാൻ കൊതിച്ചു. ദർശനങ്ങളിൽ പരതി നടന്നു  തത്വസംഹിതകൾ തിരുത്തിയലഞ്ഞു ധ്യാനഗുഹകളിൽ ബോധം തിരഞ്ഞു വെയിലു കൊണ്ടു തണലേകി വിയർപ്പിനെ വാഴ്ത്തി ഉയിർപ്പിനായി തപം ചെയ്തു വിത്തും മരവും കാര്യകാരണവുമായി പ്രതിഷ്ഠകൾ പ്രതിഷേധങ്ങളായി കറുത്ത താഴ്‌വര വെളുപ്പറിഞ്ഞു, വെളിച്ചം വിതറി ബോധവും ബോധിയും ജ്ഞാന ബുദ്ധനുമായി വേദവേദാന്തങ്ങളുടെ പൊരുളായി വിപ്ലവങ്ങളുടെ കനലായി വാക്കുകൾ ചോദ്യചിഹ്നങ്ങളായി എഴുത്തുകൾ മുക്തകങ്ങളിലെ മുത്തുകളായി ആഴങ്ങളിലെ ഉരുളൻ കല്ലിൽ ബ്രഹ്മമായി അവനുയർത്തിയ ശിലകൾ ശിവമായി ദർപ്പണത്തിലെ പ്രതിബിംബങ്ങൾ ആത്മബോധപാഠങ്ങളായി അവൻ സ്വയം കണ്ണാടിയായി കാലത്തിലേക്ക് തുറന്നുവച്ച കണ്ണായി