Posts

Showing posts from 2015

ആഴങ്ങൾ

ആഴങ്ങൾ  ************ എനിക്കു ഭയമാണ് ...... നിന്റെ ആഴങ്ങളെ  നിന്റെ മരവിച്ച തണുപ്പിനെ  മടുപ്പിക്കുന്ന മണത്തെ ആഴ്നിറങ്ങുന്ന നഖങ്ങളെ ചോരയൂറ്റുന്ന ചുംബനത്തെ കരിനീല നിറമുള്ള ചുഴികളെ വലിച്ചടുപ്പിക്കുന്ന വൻ തിരകളെ തലകറക്കുന്ന ഉയരങ്ങളെ പറിഞ്ഞുപോകുന്ന വേഗങ്ങളെ...... ഞാൻ ഇര കർമ്മബന്ധങ്ങളുടെ നിറസഞ്ചിയുമായി പായുന്നവൻ..... മുന്നിലെ വഴികളിൽ നിനക്കു മുഖം തിരിച്ചു നടക്കുന്നവൻ.... നിത്യസഞ്ചാരി നീ ഇരയെ തിരയുന്നവൻ പതിയിരുന്ന് എയ്യുന്നവൻ പ്രാപ്പിടിയനെ പോലെ എന്നും പിന്നാലെ ...... ഈ കടലാസിൽ മഷി പടരുമ്പോഴും പിന്നിൽ നിന്റെ പദചലനം പച്ചമാംസത്തിന്റെ കരിഞ്ഞമണം തിലോദകമുണ്ണുന്ന ചിറകടികൾ.... എനിക്കു നിന്നെ ഭയമാണ്... എങ്കിലും..... എങ്കിലും നിന്നെ ഞാൻ പ്രണയിക്കുന്നു നിന്റെ നിഗൂഢതയെ സ്നേഹിക്കുന്നു നിന്റെ ആഴങ്ങളിലലിയാൻ കൊതിക്കുന്നു

മഹാകാലം

മഹാകാലം ********************** കാർന്നു തിന്നുന്ന വിഷനീലിമയെ ഉള്ളിലടക്കി അവൻ ചിരിച്ചു, നിറനിലാവുപോലെ ആ ചിരി രാഗവും താളവും ലയവുമായി... ധ്യാനബോധങ്ങളുടെ നിത്യതയായി... ഉരുകിത്തിളക്കുന്ന അകക്കണ്ണിനെ എന്നോ മറക്കാനും മറയ്ക്കാനും പഠിച്ചു ചലനവേഗങ്ങളെ കയ്യിലൊതുക്കി കാമഭോഗവേഗങ്ങളുടെ കലയായി ജീവന്റെ ഊർജ്ജമായി അവനിൽ പൂർണ്ണപുരുഷൻ പിറന്നു പാതി പകുത്ത് പ്രകൃതി പിറന്നു. ചുറ്റും ജീവജലപ്രവാഹമൊഴുകി അവൻ ഭോഗിയും യോഗിയും വൈരാഗിയുമായി നിത്യതയും സത്യവും ശിവവുമായി ആദിയും അനന്തവുമായി ഹിമമുടിയിലെ പുണ്യമായി ഉള്ളിൽ പുകഞ്ഞു തീവമിക്കുന്ന കാളകൂടത്തിനെയടക്കി നീണ്ടുനിവർന്ന കാലസർപ്പത്തിനെ വാരിയണിഞ്ഞു കൊണ്ടവൻ കാലമായി..... മഹാകാലം

ഇണ

ഇണ  ************ അവൻ, വെള്ളക്കുപ്പായത്തിൽ  കരിപുരണ്ട ചിന്തകളുമായി ഇരയെ തിരഞ്ഞു ദർശനങ്ങൾ ചവച്ചു തുപ്പി വല തീർത്തു നാറ്റം മറയ്ക്കാൻ ഊദിന്റെ മണമണിഞ്ഞു കൈകളിൽ കാരിരുമ്പിന്റെ മുള്ളണിഞ്ഞു കണ്ണിൽ കാമത്തിന്റെ തീ നിറച്ചു കാളകൂടങ്ങളെ രേതസ്സാക്കി വായിൽ പുരോഗമനങ്ങൾ വിഴുപ്പലക്കി വലയ്ക്കുള്ളിലെ ചതിച്ചുഴിയിൽ പതുങ്ങി ഇരയെ കാത്തു ... അവൾ, നിത്യ പ്രണയിനി, സ്വപ്ന സഞ്ചാരിണി അണുവണുവാവോളം കാമം കൊതിച്ചവൾ... പുല്ലിലും പുഴുവിലും സത്തറിഞ്ഞവൾ മാതളത്തിന്റെ മണമുള്ളവൾ ഭോഗവേഗങ്ങളെ താളമാക്കുന്നവൾ ഉന്മാദിനി, നിമിഷങ്ങളിലെ പൂർണ്ണത അഴിക്കുന്തോറും മുറുകുന്ന കുരുക്കു വീഴുമ്പോൾ അവൾ കരഞ്ഞില്ല, പകച്ചുമില്ല തേടിയത് ഇണയെ, അവനിലെ ദർശനങ്ങളുടെ തോഴനെ.... വിഷപ്പല്ലുകൾ ആഴ്ന്നിറങ്ങുമ്പോൾ കൊതിച്ചത് പ്രണയവേഗങ്ങളുടെ ചൂട് അവളുടെ വർന്നച്ചിറകുകൾ അവനരിഞ്ഞു പരുക്കൻ കരിമ്പടമിട്ടു വലിഞ്ഞു മുറുക്കി അപ്പോഴും അവൾ കേണത് അത്തർ മണക്കുന്ന രാത്രികൾ..... സത്തയൂറ്റി ചവച്ചുതുപ്പി വലയിൽ നിന്നും അവൻ അവളെയെറിഞ്ഞു..... കാരിരുമ്പിന്റെ കനത്ത പൂട്ടുള്ള ചാണകച്ചാലൊഴുകുന്ന പറമ്പിൽ അവിടെ അവൾ നിത്യത കൊതിച്ചു ഭൗമയോനിയിലൂടെയുണരാൻ, വളരാൻ പടരാൻ നിറയാൻ അറിയാൻ...... അപ്പോ

സ്വാതന്ത്ര്യം

അയാൾ ********** അയാൾ തുരുമ്പെടുത്ത ആണിയിൽ നിന്നും കൈ പറിച്ചെടുത്തു. ചോര പൊടിയുന്നുണ്ടായിരുന്നു. കെട്ടുകൾ അഴിച്ചു പതിയെ പുറത്തേക്ക്. ഉടുതുണിയോ മറുതുണിയോ ഇല്ലായെന്ന കാര്യം അലട്ടിയതേയില്ല. അപ്പോഴും അകത്ത് , അന്നുകേട്ട കുമ്പസാരത്തിന്റെ ഇക്കിളിക്കഥകൾ അജപാലകരുടെ മുറികളിൽ നിന്നും മുഴങ്ങുന്നുണ്ടായിരുന്നു. അയാൾ തെരുവിലിറങ്ങി. അനുഗമിക്കാൻ സുവിശേഷമെഴുത്തുകാരോ ഒറ്റുകാരനോ ഉണ്ടായിരുന്നില്ല. അവരൊക്കെ അപേക്ഷ സമർപ്പിക്കുന്നതിന്റെയും മധ്യസ്ഥം വഹിക്കുന്നതിന്റെയും തിരക്കിലായിരുന്നു . തണുത്തകാറ്റേറ്റപ്പോൾ അയാൾക്ക്‌ ആശ്വാസം തോന്നി. ഒരു കടത്തിണ്ണയിൽ തെരുവുനായയുടെ അടുത്ത് തോഴനെ കാത്തിരുന്നു. തോഴൻ ********** തോഴൻ തിരക്കിലായിരുന്നു. മേലിൽ ചാർത്തിയ നേർച്ചപ്പണ്ടങ്ങൾ വലിച്ചെറിയുന്ന തിരക്കിൽ തന്റെ പ്രിയപ്പെട്ട തണ്ടൊടിഞ്ഞ മുളന്തന്ടെടുത്ത് പതിയെ വിളിച്ചു നോക്കി. ഇപ്പൊഴും നാദം പൊഴിക്കുന്നുണ്ട്‌. അയാളുടെ വലിയ കറുത്ത കണ്ണുകൾ തിളങ്ങി. പുറത്തെ വിശാലമായ കുളത്തിൽ അയാള് നീന്തിത്തുടിച്ചു. മേലാകെ പൂശിയിരുന്ന മായം കലർന്ന ചന്ദനപ്പൊടി വെള്ളത്തിൽ പടര്ന്നു. മതിലു ചാടി പുറത്ത് കടക്കുന്നത്‌ കാവൽക്കാരൻ കണ്ടു. പക്ഷെ അയാള് തടഞ്ഞില്ല

പരിണാമം

വാനരൻ കൊടുംകാട്ടിലൊരിരുകാലിമൃഗം  ഇണയെ തിരഞ്ഞു . തേന്‍ കുടിച്ചും പഴം പറിച്ചും പല്ലിളിച്ചും യുഗങ്ങൾ താണ്ടി . കാട് ചോദിച്ചു നീയാര് ഞാൻ മരഭോജി മരത്തിലെ പുഴുവും പഴവും ഏറെ പ്രിയം മരം ചിരിച്ചു കിളിയും മരവും കൂട്ടായ് മാറി ചില്ലകൾ തോറും ഊഞ്ഞാലാടി. ********************************** നരൻ ഗുഹയ്കുള്ളിലെ തീയിൽ ഇരയെ ചുട്ടു തിന്നുമ്പോൾ അവൻ എന്നോ മുറിഞ്ഞു പോയ വാലിനെയോർത്ത് ചിരിച്ചു. മരവും കടുവയും കാളയും അവനോടു കൂട്ടുകൂടി അവർ ചോദിച്ചു നീയാര്? ഞാൻ ഇരഭോജി മീനും മൃഗവും പഴവും എനിക്കു സമം അന്നാദ്യമായി കടുവ ചിരിച്ചു കാള വാലാട്ടി അവർക്കു തണലേകിയ മരം ധ്യാനിച്ചു പഴത്തിൽ പാതി കാളയോടും മൃഗത്തിൽ പാതി കടുവയോടും അവൻ പങ്കിട്ടു ****************************** അനരൻ കമ്പിയിൽ കോർത്ത തോഴന്റെ മാംസം ചുട്ടു തിന്നുമ്പോൾ അവൻ ചിരിച്ചില്ല. കുടൽ തിന്നാൻ വന്ന കഴുകനും മലം തിന്നാൻ വന്ന പന്നിയും അവനോടു ചോദിച്ചു നീയാര് ഞാൻ മതഭോജി അന്നാദ്യമായി കഴുകൻ പകച്ചു പന്നി മൂക്ക് പൊത്തി കുറ്റിയറ്റുപോയ മരം സ്വപ്നങ്ങളിൽ വേരു ചികഞ്ഞു. തീറ്റ നിർത്തി അവൻ പോകുമ്പോൾ എച്ചിലുകൾ ബാക്കിയായി അവനു വീണ്ടും വാലുമുളച്ചു,

അഭിശപ്ത

നീ അഭിശപ്ത വെറും വാരിയെല്ല്  ഞങ്ങൾ ദർശനങ്ങളെഴുതിയ പ്രവാചകർ, മഹാമനീഷികൾ ഞങ്ങളുടെ ആചാര്യർ വേദജ്ഞരത്രേ നിൻ നിഴലേറ്റാൽ സ്ഖലിക്കുന്നവർ നീയോ! തീണ്ടാരിയാവുന്ന അശുദ്ധ വർഗ്ഗം. തീണ്ടാപ്പാടകലെ മാറി നിന്നോണം ഞങ്ങൾ പുരുഷായുസുള്ളവർ , പ്രപഞ്ചത്തിന്റെ നെടുംതൂണ് നീയോ! പെറ്റുകൂട്ടുന്ന അധമവർഗ്ഗം ആദിപാപത്തിൽ വഴിപിഴച്ച്ചവൾ വെറും കല്ലുവിഗ്രഹം ഞങ്ങൾ പൂജിക്കുമ്പോൾ മിണ്ടാതിരുന്നോണം കാളിയും ചാമുണ്ഡിയും മുച്ചിലോട്ടമ്മയുമായി ഞങ്ങൾ, ആണുങ്ങൾ നിന്നെ കെട്ടിയാടും പ്രതിപുരുഷരായി വരം ചൊരിയും വെളിച്ചപ്പെട്ടലറും നീ ദൂരെമാറി കണ്ണടച്ചു നിന്നോണം നന്നായി തൊഴുതോണം പിതാവും പുത്രനും ഞങ്ങൾക്കുള്ളത് ത്രിത്വത്തിന്റെ കാവലാളത്രേ ഞങ്ങൾ സുവിശേഷങ്ങൾ ഞങ്ങളെഴുതുമ്പോൾ ദൈവപുത്രമണവാട്ടിയായി ഒരുങ്ങി നിന്നോണം ഞങ്ങൾ തീർഥങ്കരന്മാരും ബോധിസത്വന്മാരും തലപ്പാവുചുറ്റിയ ഗുരുപരമ്പരകളുമാണ് ഞങ്ങളുടെ വേദഗ്രന്ഥത്തിന്റെ മൂല നിനക്കായൊഴിച്ചിടും അതിന്റെ എച്ചിൽ തുണ്ടുകളുണ്ട് നീ തൃപ്തിയടഞ്ഞോണം ഞങ്ങൾ ശരീ അത്തിന്റെ സംരക്ഷകർ നിനക്കായി നിയമം പണിയുന്നവർ പ്രവാചകപരമ്പരയിൽ ഗർവ്വുള്ളവർ നീ മുഖം മറച്ചു മൂലയ്ക്കിരുന്നോണം ഗര്ഭിണിയായ നിന്ന

ബുദ്ധൻ

Image
ബുദ്ധൻ ********* വഴിവക്കിലെ വാണിഭക്കാരന്റെ ബുദ്ധക്കോലം ചൊല്ലിയത് ബുദ്ധൻ എന്ന നാമത്തിന്റെ നാനാർത്ഥങ്ങൾ  ബുദ്ധൻ- ആദ്യന്തമില്ലാത്ത പുഴ തഥാഗതനു തണലേകിയ മരം ഉള്ളിൽ വിരിഞ്ഞ മണിപദ്മത്തിന്റെ ബോധം ഒളിയമ്പേറ്റ ധ്യാനത്തിന്റെ ഗീത ബുദ്ധൻ- പ്രാണനേകിയ അമ്മയുടെ ചൂട് കുരിശേറിയ കനിവിന്റെ നോവ്‌ തലയറുത്ത ബലിമൃഗത്തിന്റെ ചോര ഭക്ഷണമായ ബോധിസത്വന്റെ മാംസം ബുദ്ധൻ- മരുഭൂമിയിലെ നീരുറവ നിറവയറിന്റെ നൊമ്പരം പുനർജനിച്ച മണ്ണിന്റെ വിശുദ്ധി ബലിക്കാക്കയുണ്ട ഒരുരുളച്ചോറ്‌ ബുദ്ധൻ- തോക്കിനെ തോൽപ്പിച്ച മോണകാട്ടിയ ചിരി കണ്ണീരൊപ്പിയ തിരുവസ്ത്രം പുസ്തകമെടുത്ത മൈലഞ്ചിക്കൈകൾ നിരാഹാരം വരിച്ച ദഹനേന്ദ്രിയങ്ങൾ ബുദ്ധൻ- ഭിക്ഷാപാത്രത്തിൽ വീണ ഒറ്റരൂപാനാണയം കപട സദാചാരത്തിനെതിരെ ചൂണ്ടിയ വിരൽ ചവിട്ടേറ്റു വീണവൻ ഉയർത്തിക്കെട്ടിയ കൊടി പടക്കളങ്ങൾ താണ്ടിവന്ന കുതിരയുടെ വേഗം ബുദ്ധൻ- തുള്ളിമണലിലുറങ്ങുന്ന മണലാരണ്യം നീർക്കുമിളയിലെ പ്രപഞ്ചം അഹം അഴിച്ചു വച്ച ബോധം ഇന്നിലെക്കു തുറന്നു വച്ച കണ്ണുകൾ