സൂര്യകാലടി മന

 സൂര്യകാലടി മന 


 

മനുഷ്യന്‍ .  ആദിയില്‍ യാത്ര തുടങ്ങിയവൻ.  അറിവ് തേടിയുള്ള യാത്ര.  അനാദിയും അനന്തവുമായ യാത്ര.  ഈ യാത്രയില്‍ നേടുന്നതെല്ലാം പുണ്യം തന്നെ.  കടപ്പാട് ഈ പ്രകൃതിയോടു.  പിന്നെ പലപേരുകളില്‍ വിളിക്കപ്പെടുന്ന ആ മഹാശക്തിയോടും .

വിശ്വാസ ങ്ങൾ പലതായിരിക്കാം.  അവിശ്വാസവും.  ഇവിടെ യാത്രക്കാരൻ വെറും കാഴ്ച്ചക്കാരൻ .  ഒന്നിനെയും  നിഷേധിക്കാതെ, ഇടപെടാതെ ചുറ്റുംകാണുന്ന ഇന്നിന്റെ കാ ഴ്ച്ചകളുടെ ദൃക് സാക്ഷി 

ഈ യാത്ര മരണാനന്തരം തേടി.    യാത്ര അവസാനിച്ചത്‌ സൂര്യകാലടി മനയില്‍.  ഐതീഹ്യമാലയില്‍ പറയുന്ന അതേ  മന തന്നെ.  കോട്ടയത്താണിത്.  എന്റെ കൂടെ സുഹൃത്തുകളായ ആലീസും അജിത്തും.  ഉള്ളില്‍  സംശയങ്ങളും ചോദ്യങ്ങളുമായി ഞങ്ങള്‍ അതിരാവിലെ മനയില്‍ എത്തി. 
ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു.  വിശാലമായ പറമ്പ്.  അല്‍പ്പം ഉയര്‍ന്ന സ്ഥലത്താണ് മന.  ചുറ്റിയൊഴുകുന്നത് മീനച്ച്ചലാറ് .  പ്രശാന്തമായ സ്ഥലം.
ഈ യാത്രക്ക് ഒരുങ്ങും മുന്പ്   നടത്തിയ ഗവേഷണത്തിൽ  മന ഒരു താന്ത്രിക മാന്ത്രിക സ്ഥാനമാണെന്നും ഇവിടുത്തെ ഭട്ടതിരിമാർ ഗൂഡമായ താന്ത്രിക വിദ്യകളുടെ പിന്തുടര്ച്ച്ചാവകാശികൾ ആണെന്നും മനസിലാക്കിയിരുന്നു .   തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരിയായ യക്ഷിയെ ആവഹിച്ച്ചു വരുത്തി ഹോമിച്ച ബ്രാഹ്മണബാലന്റെ പിൻമുറക്കാരാണിവര്‍.  കഥയവിടെ നില്‍ക്കട്ടെ....

   ആദ്യം തന്നെ കണ്ണുടക്കിയത് മനയെക്കള്‍ വളര്‍ന്നു നില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള  പടുകൂറ്റന്‍ പാലമരത്തില്‍ . ഇതിലാണ് പണ്ടു   ബ്രാഹ്മണ ബാലന്‍ യക്ഷിയെ തളച്ച്ച്ചത്.  പാലയില്‍ മറ്റൊരു വള്ളിച്ചെടി പടര്‍ന്നു കയറിയിരിക്കുന്നു.  അതും കൂടിയായപ്പോള്‍ ആകെ ഒരു വന്യത.....

അകത്തു ഗണപതി ഹോമത്തിനുള്ള തയ്യാറെടുപ്പുകള്‍.  ഒരു പൂജാരി തിരക്കിട്ട് കാര്യങ്ങള്‍ ചെയ്യുന്നു.  കുറച്ചുപേര്‍ തൊഴാൻ എത്തിയിട്ടുണ്ട്.  കുറെ കഴിഞ്ഞു ഇപ്പോഴത്തെ ആചാര്യന്‍ എത്തി.  സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി.  വയസ്സ് ഏകദേശം നാല്‍പ്പത്തിയഞ്ച്.  ചീകിയൊതുക്കിയ മുടിയും താടിരോമങ്ങളും.  ചൈതന്യം നിറഞ്ഞ മുഖം.  ശരീരമാകെ ഭാസ്മക്കുറികള്‍.  ഞങ്ങളെ നോക്കി ചിരിച്ചു. കുശലാന്വേഷണം നടത്തി.  പിന്നീട് മനയിലെ നിത്യച്ചടങ്ങുകളുടെ തിരക്കുകളിലേക്ക്.  ഹോമപ്പുക ആകാശത്തോളം ഉയര്‍ന്നു.  പാലമരം പുകയില്‍ മറഞ്ഞു.  ഭക്തി സാന്ദ്രമായ അന്തരീക്ഷം.  മണിയൊച്ച്ച.  ശംഖനാദം.  ആകെ ഒരു സ്പിരിച്വല്‍ വൈബ്രേഷന്‍ .

പൂജ കഴിഞ്ഞു അദ്ദേഹം അകത്തേക്ക് പോയി.  കുറെക്കഴിഞ്ഞു ഞങ്ങളെ വിളിപ്പിച്ചു.  തന്‍റെ നീളന്‍ ചാരുകസേരയില്‍ ഇരുന്നു സംസാരം തുടങ്ങി.  വൈദിക സംസ്കാരം, ടിബെറ്റൻ ബുദ്ധമതം, ക്ഷേത്ര തന്ത്രം ഇങ്ങനെ വിഷയങ്ങള്‍ അനവധി.  അവസാനം ചര്‍ച്ച മരണത്തിനെ കുറിച്ചു. 

എന്റെ ചോദ്യം
 "നാം എന്തിനാണ് മരണത്തെ  ഭയപ്പെടുന്നത്"

ഉത്തരം ദീര്‍ഘമായ മൌനം.  പിന്നെ താടിയല്‍പ്പം തടവിക്കൊണ്ട് പറഞ്ഞു

"മരണം ഒരു സമസ്യയല്ല.  ഞാന്‍ എന്ന പ്രതിഭാസത്തിനു സംഭവിക്കുന്ന അവസ്ഥ മാത്രം.  എനിക്ക് ശേഷമുള്ള ലോകത്തെ കുറിച്ചു ചിന്തിക്കാനേ കഴിയില്ല,  കാരണം ഞാന്‍ അവിടെയില്ലല്ലോ. അതിനാലായിരിക്കാം മനുഷ്യൻ  മരണത്തെ ഭയപ്പെടുന്നത്  "

ആത്മാവും ഉച്ച്ചാടനവും അവാഹനവും എല്ലാം ചര്‍ച്ചയില്‍ വന്നു.

 "ഇവിടെ ഒന്നിനെയും നശിപ്പിക്കുന്നില്ല.  ഗതികിട്ടാതെ അലയുന്ന ആത്മാക്കളുടെ മോക്ഷം,  ഇതാണ് എന്റെ നിയോഗം". 

ഉച്ചയായി.  ഞങ്ങള്‍ മന ചുറ്റി നടന്നു കണ്ടു.  സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് മന ഇന്ന് കാണുന്ന രീതിയില്‍ പുതുക്കിപ്പണിതത്.  കേരളീയ വാസ്തു വിദ്യയുടെ മഹിമ.  തടിയില്‍ തീര്‍ത്ത  ചുമരുകള്‍. പിന്‍ഭാഗത്ത് സര്‍പ്പക്കാവ്.  ചെറിയ ഒരു കുളം. വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ഒരു നാഗവിഗ്രഹം പത്തിവിടര്ത്തിയിരിക്കുന്നു. തണുത്ത കാറ്റ് വീശി.  പ്രകൃതി തരുന്ന നിറവു.  ഔഷധ സസ്യങ്ങളാല്‍ സമ്പന്നമായ കാവ്. ഇവിടെ വീശുന്നത് മൃത്യുഞ്ജയ മന്ത്രത്തിന്റെ ശക്തി .  പുലരുന്നത് പ്രകൃതിയും മനുഷ്യന് ഒന്നാണെന്ന അദ്വൈതം. പുല്നാമ്പിലും അരയാലിലും കുടികൊള്ളുന്നത് ഒരേ ബ്രഹ്മം.  ഇത് ഭട്ടതിരി നല്കുന്ന പ്രകൃതി പാഠം. 

  സമയം ഏതാണ്ട് ആറുമണി.ഞങ്ങൾ   കാവിനു പുറത്തിറങ്ങി.മനയ്കുള്ളിൽ  ദീപാരാധന .   മുന്നിൽ മനയുടെ ചരിത്രത്തിനും ഐതീഹ്യത്തിനുമെല്ലാം സാക്ഷിയായ മീനച്ച്ചല്‍ ആറ്. പിന്നിലേക്ക്‌ നോക്കാതെയുള്ള, ശാശ്വതമായ നിത്യത തേടിയുള്ള അവിരാമമായ  ഒഴുക്കു.... 

പുഴക്കരയില്‍ കുറച്ചു പേര്‍ സ്ഥലം വൃത്തിയാക്കുന്നു. രാത്രി ഇവിടെ ഏതോ പൂജയുണ്ടായിരിക്കും.

ഇരുട്ട് വീണു തുടങ്ങി.  കടവാവലുകള്‍ ചിറകു വീശി പറന്നകലുന്നു.  ചീവീടുകളുടെ ശബ്ദം കൂടിക്കൂടി വരുന്നു.  മനയ്കുള്ളില്‍ ഏതോ ആവാഹന ക്രിയ . നിലവിളക്കിന്റെ വെളിച്ചത്തിൽ ,  പ്രിയപ്പെട്ട ഏതോ ആളിന്റെ ആത്മമോക്ഷത്തിനു തൊഴുകൈകളോടെ രണ്ടുപേർ  .കണ്ണുകളിൽ നനവ്‌.    ഇവിടെ ഭട്ടതിരിയും മന്ത്രവാദവുമൊക്കെ മനുഷ്യ മനസിന്റെ സാന്ത്വനോപാധികൾ.    പന്തത്തിലെക്ക് കുന്തിരിക്കപ്പൊടികള്‍ വാരിയെറിഞ്ഞു .  പന്തം ആളിക്കത്തി.  ആകെ നിശബ്ദത.

ഭട്ടതിരിയും കൂട്ടരും പന്തങ്ങളുമായി പുഴക്കരയിലേക്ക്.  ചെറിയ ചാറ്റല്‍ മഴ. ഞങ്ങളും കുടയും പിടിച്ചു പുഴക്കരയിലെത്തി.   അവിടെ ഗൂഡമായ താന്ത്രിക ക്രിയകള്‍.   . ആത്മാവിനു    മുക്തി....സൂര്യകാലടിമനയുടെ കർമ്മം.
 മീനച്ചലാറും വീശിയടിക്കുന്ന കാറ്റും വന്യസൌന്ദര്യം പേറുന്ന പാലയും സാക്ഷികള്‍. ഇവിടെ ആത്മാകള്‍ സ്വതന്ത്രര്‍. മരണം ഇവിടെ വെറുക്കപ്പെടുന്ന അവസ്ഥയല്ല. രംഗബോധമില്ലാത്ത കൊമാളിയുമല്ല. അവസ്ഥാന്തരം മാത്രം. കിട്ടുന്നത് ശാശ്വതമായ നിത്യത.

“ നൈനം ചിന്ദതി ശസ്ത്രാണി
നൈനം ദഹതി പാവക:
ന ചൈനം ക്ലേദയാന്ത്യപോ
ന ശോഷായതി മാരുത: ”

ആത്മാവിനെ ശസ്ത്രങ്ങളാലും അഗ്നിയാലും ജലത്താലും നശിപ്പിക്കാന്‍ കഴിയില്ല. അത് അനശ്വരമാണ്. ജീര്‍ണ്ണവസ്ത്രം ഉപേക്ഷിക്കും പോലെ ദേഹി ദേഹത്തെ ഒഴിഞ്ഞു പോകുന്നു. കര്മ്മ ദോഷത്തിന്റെ പാപഭാരം ചുമന്നു ഗതികിട്ടാതെ അലയുന്ന ദേഹികള്‍ക്ക്  ഭട്ടതിരി നല്കുന്നത് മോക്ഷമാര്‍ഗത്തിന്‍റെ   തീര്‍ത്ഥജലം.

ചുറ്റും കുറ്റിരുട്ടു.  ആകെയുള്ളത് ഒരു പന്തത്തിന്റെ വെളിച്ചം ആത്രം.  ഭട്ടതിരി പുഴയിലേക്കിറങ്ങി മുങ്ങിയിട്ട് തിരികെ കയറി.  മുഖത്ത് അപാരമായ ശാന്തത. 
  ഒരുപക്ഷെ മുന്‍പിവിടെ വന്നു പോയ ഏതോ തഥാഗതന്റെ തുടര്ച്ച്ചയാകം ഞാന്‍. പൂര്‍ത്തിയാക്കാത്ത ഏതോ    നിയോഗത്തിന്റെ തീര്‍പ്പ്.  കണ്ടതൊക്കെയും നിറവു.  കിട്ടിയതെല്ലാം പുണ്യം. 

ആ മണ്ണ് തൊട്ടു നെറുകയില്‍ വച്ചു  ഇറങ്ങി.  കാറില്‍ കയറും മുന്‍പു ഞാൻ തിരിഞ്ഞു നോക്കി.  കടവാവലുകളുടെ ചിറകടി ശബ്ദം.  യക്ഷിപ്പാലമരമുലയുന്നു.  പുറത്തെ അന്തരീക്ഷം വീണ്ടു രൌദ്രഭാവത്ത്തിലേക്ക്.  പക്ഷെ അപ്പോഴും ഒരു കല്‍വിളക്ക്‌ അകത്തു നിറഞ്ഞു കത്തുന്നു. പ്രതീക്ഷയും പ്രത്യാശയും ആയി.  ഉള്ളിൽ,  മന വീണ്ടും വിളിക്കുന്നു.  പുതിയ ഒരു നിയോഗവുമായി വരാന്‍........

Comments

Popular posts from this blog

തിരുവില്വാമലയിലെ വിശേഷങ്ങള്‍

ഞാൻ