1 ശതകോടി വിഭാകര കാന്തിമതേ ശബരീഗിരി വാഴുമകം പൊരുളേ ശരണപ്രിയ, ദേവ, ദയാനിധിയേ ശനിദോഷമകറ്റി വരം തരണേ 2 തരുശാഖ നിറഞ്ഞ കൊടുംവനവും കരിനാഗമിഴഞ്ഞുലയും മനവും ഒരുപോലെ നയിച്ചു നിറഞ്ഞരുളും നിറവേ നിധിയേ നിലയേകിടണേ 3 കലികാല കരാള കരങ്ങളെഴും ഇഹലോക മഹാദുരിതങ്ങളിലും അഹമെന്നുമൊഴിഞ്ഞമൃതം നിറയാൻ പരമേശ,കൃപാകര, നീ ശരണം 4 ശബരീശ, മഹേശ, മഹാമഹസേ തിരുജ്യോതി ജ്വലിച്ചുണരും നഭസേ ശരണം തിരുനാമ പദാവലികൾ തവസന്നിധി തേടുമുപാസനകൾ 5 കൊടുകാനനമാണഖിലം നിറയേ നരി, നാഗ, വരാഹ, മൃഗങ്ങളുമേ ഗിരിതന്നിലിരുന്നരുളും കനിവേ തവ സന്നിധിയാണടിയന്നഭയം 6 പുഴു,പക്ഷി , പരാദ, ചരങ്ങളിലും ഗജവീര, മൃഗേന്ദ്ര, മൃഗങ്ങളിലും കുടികൊണ്ടരുളുന്ന മഹാശയനേ കുറതീർത്തു തരും ജഗദീശ്വരനേ 7.മദമോഹമതാദികളാലുഴലും മനതാരിലെ വൻപുലിയേറിയിനി മഹിഷീവധമാടുക ചിന്മയനേ മണിമണ്ഡപ ജീവസമാധിതനേ 8 പരനേ പരമാത്മ പരാത്പരനേ പതിനെട്ടു പടിക്കുര ചെയ്തവനേ അതു കേറിവരുന്ന നരർക്കരുളായ്, "അതു നീ " പൊരുളായി നിറഞ്ഞവനേ അനീഷ് തകടി...
Comments
Post a Comment