ചിഹ്നങ്ങൾ

ചിഹ്നങ്ങൾ
**************
അശാന്തിയുടെ താഴ് വരയിലിരുന്ന്
ഒരു ചോദ്യചിഹ്നം പാടി 
"ഹേ അധികാരീ, നിങ്ങളെത്ര മഠയൻ
അപരന്റെ തലയറുത്തു ചിരിക്കുന്ന
അധമവർഗ്ഗം"
താഴ്‌വര അതേറ്റു പാടി
ആ പാട്ടുകൾ ആശയങ്ങളുടെ അർത്ഥവിരാമമായി
ആത്മബോധം തിരഞ്ഞ ദേഹികൾ നൃത്തം വെച്ചു
മണൽക്കാടുകളിൽ കൊടുങ്കാറ്റു പിറന്നു
ഉയർന്ന പ്രകമ്പനങ്ങളിൽ സംഹിതകൾ തകർന്നു
പൊളിഞ്ഞ സിംഹാസനം ആശ്ചര്യ ചിഹ്നമായി
അശാന്തിയുടെ കാവൽക്കാർ ഉണർന്നു
തങ്ങളുടെ ചിഹ്നങ്ങളെ രാകിക്കൂർപ്പിച്ചു
കിട്ടിയ കുത്തും കോമയും കയ്യിലെടുത്തു പാഞ്ഞു.
ചോദ്യചിഹ്നത്തിന്റെ തലയറുത്തു
അതിനെ ചുട്ടുകരിച്ചവർ ചിരിച്ചു, ഇന്നിന്റെ ചിരി.....
കരിഞ്ഞു പൊടിഞ്ഞ ചാരത്തിൽ അവശേഷിച്ചത്
വേദനയുടെ പൂർണ്ണവിരാമം
അപ്പോഴും അവൻ ഉയരങ്ങളെ കാത്തു
വളരാൻ കൊതിച്ചു, ആത്മബോധ നിർവ്വാണ-
പാതകളിലേക്കു വേരുപടർത്തി
പൂർണ്ണവിരാമം വിത്തും കാര്യവും തിരഞ്ഞു
കാരണങ്ങളിലേക്ക് കുതിച്ചു വളർന്നു
മഹാകാലങ്ങളിൽ അടിവേരുറപ്പിച്ച്
പ്രജ്ഞബോധമണ്ഡലങ്ങളിലേക്കുയർന്നു
നീണ്ടു നിവർന്നു പതിയെ വളഞ്ഞു
അശാന്തിയുടെ താഴ്‌വര സാക്ഷിയായി
മറ്റൊരു ചോദ്യചിഹ്നത്തിന്റെ പിറവിക്ക് ....

Comments

Popular posts from this blog

അയ്യപ്പ അഷ്ടകം

സൂര്യകാലടി മന

ഞാൻ