പരിണാമം



വാനരൻ
കൊടുംകാട്ടിലൊരിരുകാലിമൃഗം 
ഇണയെ തിരഞ്ഞു .
തേന്‍ കുടിച്ചും പഴം പറിച്ചും പല്ലിളിച്ചും
യുഗങ്ങൾ താണ്ടി .
കാട് ചോദിച്ചു നീയാര്
ഞാൻ മരഭോജി
മരത്തിലെ പുഴുവും പഴവും ഏറെ പ്രിയം
മരം ചിരിച്ചു
കിളിയും മരവും കൂട്ടായ് മാറി
ചില്ലകൾ തോറും ഊഞ്ഞാലാടി.
**********************************

നരൻ
ഗുഹയ്കുള്ളിലെ തീയിൽ ഇരയെ ചുട്ടു തിന്നുമ്പോൾ
അവൻ എന്നോ മുറിഞ്ഞു പോയ വാലിനെയോർത്ത്
ചിരിച്ചു.
മരവും കടുവയും കാളയും അവനോടു കൂട്ടുകൂടി
അവർ ചോദിച്ചു
നീയാര്?
ഞാൻ ഇരഭോജി
മീനും മൃഗവും പഴവും എനിക്കു സമം
അന്നാദ്യമായി കടുവ ചിരിച്ചു
കാള വാലാട്ടി
അവർക്കു തണലേകിയ മരം
ധ്യാനിച്ചു
പഴത്തിൽ പാതി കാളയോടും
മൃഗത്തിൽ പാതി കടുവയോടും
അവൻ പങ്കിട്ടു
******************************
അനരൻ
കമ്പിയിൽ കോർത്ത തോഴന്റെ മാംസം
ചുട്ടു തിന്നുമ്പോൾ അവൻ ചിരിച്ചില്ല.
കുടൽ തിന്നാൻ വന്ന കഴുകനും
മലം തിന്നാൻ വന്ന പന്നിയും
അവനോടു ചോദിച്ചു
നീയാര്
ഞാൻ മതഭോജി
അന്നാദ്യമായി കഴുകൻ പകച്ചു
പന്നി മൂക്ക് പൊത്തി
കുറ്റിയറ്റുപോയ മരം സ്വപ്നങ്ങളിൽ
വേരു ചികഞ്ഞു.
തീറ്റ നിർത്തി അവൻ പോകുമ്പോൾ
എച്ചിലുകൾ ബാക്കിയായി
അവനു വീണ്ടും വാലുമുളച്ചു, കൊമ്പു മുളച്ചു
കോമ്പല്ലുകൾ പുതുതായി വന്നു
നടക്കാൻ മറന്ന അവൻ
ഇല്ലാമരത്തിന്റെ കൊമ്പുകളിൽ തൂങ്ങിയാടി
************************************************

Comments

Popular posts from this blog

അയ്യപ്പ അഷ്ടകം

സൂര്യകാലടി മന

ഞാൻ