ഇണ

ഇണ 
************
അവൻ, വെള്ളക്കുപ്പായത്തിൽ 
കരിപുരണ്ട ചിന്തകളുമായി ഇരയെ തിരഞ്ഞു
ദർശനങ്ങൾ ചവച്ചു തുപ്പി വല തീർത്തു
നാറ്റം മറയ്ക്കാൻ ഊദിന്റെ മണമണിഞ്ഞു
കൈകളിൽ കാരിരുമ്പിന്റെ മുള്ളണിഞ്ഞു
കണ്ണിൽ കാമത്തിന്റെ തീ നിറച്ചു
കാളകൂടങ്ങളെ രേതസ്സാക്കി
വായിൽ പുരോഗമനങ്ങൾ വിഴുപ്പലക്കി
വലയ്ക്കുള്ളിലെ ചതിച്ചുഴിയിൽ പതുങ്ങി
ഇരയെ കാത്തു ...
അവൾ, നിത്യ പ്രണയിനി, സ്വപ്ന സഞ്ചാരിണി
അണുവണുവാവോളം കാമം കൊതിച്ചവൾ...
പുല്ലിലും പുഴുവിലും സത്തറിഞ്ഞവൾ
മാതളത്തിന്റെ മണമുള്ളവൾ
ഭോഗവേഗങ്ങളെ താളമാക്കുന്നവൾ
ഉന്മാദിനി, നിമിഷങ്ങളിലെ പൂർണ്ണത
അഴിക്കുന്തോറും മുറുകുന്ന കുരുക്കു വീഴുമ്പോൾ
അവൾ കരഞ്ഞില്ല, പകച്ചുമില്ല
തേടിയത് ഇണയെ,
അവനിലെ ദർശനങ്ങളുടെ തോഴനെ....
വിഷപ്പല്ലുകൾ ആഴ്ന്നിറങ്ങുമ്പോൾ
കൊതിച്ചത് പ്രണയവേഗങ്ങളുടെ ചൂട്
അവളുടെ വർന്നച്ചിറകുകൾ അവനരിഞ്ഞു
പരുക്കൻ കരിമ്പടമിട്ടു വലിഞ്ഞു മുറുക്കി
അപ്പോഴും അവൾ കേണത്
അത്തർ മണക്കുന്ന രാത്രികൾ.....
സത്തയൂറ്റി ചവച്ചുതുപ്പി വലയിൽ നിന്നും
അവൻ അവളെയെറിഞ്ഞു.....
കാരിരുമ്പിന്റെ കനത്ത പൂട്ടുള്ള
ചാണകച്ചാലൊഴുകുന്ന പറമ്പിൽ
അവിടെ അവൾ നിത്യത കൊതിച്ചു
ഭൗമയോനിയിലൂടെയുണരാൻ,
വളരാൻ പടരാൻ നിറയാൻ അറിയാൻ......
അപ്പോഴും അവൻ വലനെയ്യുകയായിരുന്നു
അടുത്ത ഇരയ്ക്കായി
ദർശനങ്ങൾ ചവച്ചുതുപ്പി..

Comments

Popular posts from this blog

അയ്യപ്പ അഷ്ടകം

സൂര്യകാലടി മന

ഞാൻ